കൊച്ചി : കൊറോണ ബാധിതരുടെ എണ്ണം 24 ആയതോടെ സംസ്ഥാനം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന നൽകി മുഖ്യമന്ത്രി. കൊറോണയെ തുടർന്നുള്ള ജാഗ്രതാ നിർദേശങ്ങളുടെ ഭാഗമായി ആളുകൾ യാത്രകളും മറ്റു പരിപാടികളും ഒഴിവാക്കിയിരിക്കുന്നതിനാൽ കെഎസ്ആർടിസിയുടെ പ്രതിദിന നഷ്ടം കൂടുന്നു.
പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരും ഇപ്പോൾ കെഎസ്ആർടിസി യാത്ര ഉൾപ്പെടെ നിർത്തിവെച്ചിരിക്കുന്നതിനാൽ മതിയായ ആളില്ലാതെയാണ് മിക്ക റൂട്ടുകളിലും സർവീസ് നടത്തുന്നത്. കെഎസ്ആർടിസിയുടെ പ്രതിദിന നഷ്ടം ഇപ്പോൾ രണ്ടു കോടി രൂപയോളമാണ് എന്നാണ് സൂചനകൾ. കേരളത്തിലെ ടൂറിസം മേഖലയും ഏതാണ്ട് നിശ്ചലമാണ്. കൊറോണ പകർന്നതോടെ പല രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും കേരളത്തിലെ ഹോട്ടൽ ബുക്കിങ്ങുകള്‍ കൂട്ടത്തോടെ റദ്ദു ചെയ്തിരുന്നു. മിക്ക ഇവൻറുകളും രാജ്യാന്തര സമ്മേളനങ്ങളും മാറ്റി വെച്ചിട്ടുണ്ട്. കേരളത്തിലെ ഹോട്ടലുകളും റിസോർട്ടുകളും എല്ലാം ഏറെക്കുറെ നിശ്ചലമായിത്തുടങ്ങിയിട്ടുണ്ട്.
വ്യാപാര മേഖലയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നുണ്ട്. ഹോട്ടൽ വ്യവസായം ഉൾപ്പെടെ പ്രതിസന്ധി നേരിടുകയാണ്. സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും വിൽപ്പനയാണ് ഇപ്പോൾ തകൃതിയിൽ. റീട്ടെയില്‍ സ്റ്റോറുകളിലും മറ്റും ആളുകൾ കുറവാണ്. കൊറോണ വൈറസ് പ്രതിസന്ധി പരിഹരിയ്ക്കാനായില്ലെങ്കിൽ ഇതു സംസ്ഥാനത്തിൻറെ സാമ്പത്തിക മേഖലയെ കൂടുതൽ ഗുരുതരമായി ബാധിച്ചേക്കും എന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉൾപ്പെട ഇപ്പോൾ നൽകിയിരിക്കുന്നത്.