കോഴിക്കോട്: ക്വാറന്റൈന്‍ കാലം പിന്നിട്ട ആളിന് കോവിഡ് സ്ഥിരീകരിച്ചു. എടച്ചേരിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ക്വാറന്‍റൈന്‍ കാലയളവ് പിന്നിട്ടയാളാണെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് മാര്‍ച്ച് 18-ാം തീയതിയാണ് അദ്ദേഹം തിരികെ നാട്ടിലെത്തിയത്.
ശനിയാഴ്ച ഇദ്ദേഹത്തിന്റെ 67-കാരനായ അച്ഛനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ 19-കാരിയായ മകളാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചത് അന്തരിച്ച മാഹി സ്വദേശിയില്‍ നിന്നാണ് എന്നാണ് നിലവില്‍ ആരോഗ്യവകുപ്പിന്റെ പ്രാഥമികനിഗമനം. 67-കാരനും മാഹി സ്വദേശി മഹ്റൂഫും ഒരേ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.
ക്വാറന്‍റൈന്‍ കാലയളവ് പൂര്‍ത്തിയാക്കിയ ആള്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത് എന്നത് ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകാരോഗ്യസംഘടന നിര്‍ദേശിച്ച 14 ദിവസത്തെ ക്വാറന്‍റൈന്‍ എന്നത്, ഹൈ റിസ്ക് മേഖലകളില്‍ നിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ക്വാറന്‍റൈനായി കേരളം ദീര്‍ഘിപ്പിച്ചിരുന്നു. ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാകുന്ന കേസാണ് ഇന്നും കോഴിക്കോട്ട് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.