ഡൽഹി : രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 750 ആയി. 20 പേർ ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം 153 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഡൽഹിയിൽ കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് എത്തിയേക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ മുന്നറിയിപ്പ് നൽകി.
മുംബൈയിലെ കസ്തൂർബാ ആശുപത്രിയിലാണ് കൊവിഡ് 19 ബാധിച്ച് 65 വയസുകാരി മരിച്ചത്. ഇവർ സമ്പർക്കം നടത്തിയ എല്ലാവരും നിരീക്ഷണത്തിലാണ്. മഹാരാഷ്ട്രയിൽ മാത്രം അഞ്ച് പേർ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചു.
ഇന്നലെ മാത്രം രാജ്യത്ത് 90 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, ബീഹാർ, തെലങ്കാന, ആഡ്രാപ്രദേശ്, മധ്യപ്രദേശ്, കശ്മീർ, ആൻഡമാൻ എന്നിവിടങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് എത്തിയേക്കുമെന്ന സാഹചര്യത്തിൽ മൂന്നൊരുക്കങ്ങൾ നടത്താൻ ഡോക്ടർമാരുടെ സംഘം ശുപാർശ ചെയ്തതായും ദിവസം ആയിരം കൊവിഡ് കേസുകൾ നേരിടാനുള്ള സജ്ജീകരണം ഒരുക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‍നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ സമൂഹ വ്യാപന സാധ്യത ഭയക്കുന്നുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഡൽഹിയിൽ മൂന്നാം ഘട്ടത്തിലേക്കെന്ന് സൂചന.