ദില്ലി : കൊറോണ വൈറസ് പിടിപെടാനും രോഗം തീവ്രമാകാനും ചിലയാളുകളിൽ സാധ്യത കൂടുന്നത് അവരിലെ ചില ജീനുകളുടെ സാന്നിധ്യം മൂലമാകാമെന്ന് ശാസ്ത്രജ്ഞർ. അത്തരം ചില ജീനുകളെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ തിരിച്ചറിഞ്ഞു.
ഇവരുടെ പഠന റിപ്പോർട്ട് പ്രകാരം ABO ജീനിലെ വകഭേദങ്ങൾ ഉള്ളവരിൽ കോവിഡ് വരാനുള്ള സാധ്യത ഏറെയാണ്. ഇതിനു പുറമേ SLC6A20, ERMP1, FCER1G, CA11 പോലുള്ള ജനിതക വകഭേദങ്ങളും കോവിഡ് സാധ്യത ഉയർത്തുന്നതാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം ജീനുകൾ ഉള്ള വ്യക്തികൾ മഹാമാരി കാലത്ത് അതീവജാഗ്രത പുലർത്തണമെന്നും ഗവേഷകർ പറയുന്നു . ഇവയിൽ പല ജീനുകളും നിരവധി ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന് ERMP1 ജീൻ ആസ്മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രമേഹമുള്ളവരിൽ കോവിഡ് അപകടസാധ്യത ഉയർത്തുന്നതാണ് CA11 ജീൻ.
ABO രക്ത ഗ്രൂപ്പുകളും കോവിഡ് സാധ്യതയുമായുള്ള ബന്ധത്തെയും പഠനം അടിവരയിടുന്നു. വൈറസ് അണുബാധയോടുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിലും ഈ ജീനുകൾക്ക് പങ്കുണ്ടെന്ന് ഗവേഷകർ കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ അന ഹെർണാൻഡ പറഞ്ഞു.