കൊച്ചി : എറണാകുളം ജില്ലയിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നത് ഭാഗികമായി വാക്സീൻ ക്ഷാമം നേരിടുന്നതിനാൽ പല സ്ഥലങ്ങളിലും കുത്തിവയ്പ് നടക്കുന്നില്ല. അതേസമയം സ്റ്റോക്കുള്ള ഏതാനും കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളോടെ കുത്തിവയ്പ് നടക്കുന്നുണ്ട്. പുതിയ സ്റ്റോക്ക് റീജിയനൽ സ്റ്റോറുകളിൽ എത്തിയിട്ടുണ്ടെങ്കിലും ആശുപത്രികളിലേക്കുള്ള വിതരണം നടന്നിട്ടില്ലാത്തതിനാൽ വാക്സീൻ കുത്തിവയ്പ് കേന്ദ്രങ്ങളിൽ ക്ഷാമം നേരിടുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
സ്റ്റോക്കു കുറഞ്ഞതോടെ ജില്ലയിലെ മാസ് വാക്സിനേഷൻ ക്യാംപുകൾ നിർത്തിവയ്ക്കാൻ കലക്ടർ നേരത്തെ നിർദേശിച്ചിരുന്നു. വാക്സീൻ സ്റ്റോക്ക് ഉള്ളയിടങ്ങളിൽ പോലും ആരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള വാക്സിനേഷൻ മാത്രമാണ് നടക്കുന്നത്. മൂവാറ്റുപുഴ, പിറവം, പറവൂർ മേഖലകളിലെ സർക്കാർ വാക്സീൻ കേന്ദ്രങ്ങളിലൂടെ വിതരണം നടക്കുണ്ട്. എന്നാൽ സ്വകാര്യ ക്ലിനിക്കുകൾ വഴിയുള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
എറണാകുളം ജില്ലയിൽ ഇതുവരെ 7 ലക്ഷം വാക്സീൻ ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞതായി കലക്ടർ എസ്. സുഹാസ് അറിയിച്ചു. ഏഴു ലക്ഷം പേരിൽ വാക്സീൻ കുത്തിവയ്ക്കുന്ന ആദ്യ ജില്ല എറണാകുളമാണ് എന്ന പ്രത്യേകതയുമുണ്ട്. ജില്ലയിൽ ഇതോടെ 20 ശതമാനം ആളുകൾക്ക് കുത്തിവയ്പു നൽകാൻ സാധിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ വാക്സീനുകൾ ഈ ദിവസങ്ങളിൽ എത്തിക്കുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.