ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക്. 69,418 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737 പേർക്കാണ് ലോകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ കൊവിഡ് ലക്ഷണങ്ങൾ നിലനിൽക്കുന്നതിനാൽ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷയുടെ വെളിച്ചം കണ്ടുതുടങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ച് 10 ദിവസമായിട്ടും രോഗം ഭേദമാകാതെ വന്നതോടെയാണ് ബോറിസ് ജോൺസണെ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ബ്രിട്ടനിൽ 621 പേർ ഒറ്റദിവസത്തിനിടെ മരിച്ചു. ഇറ്റലിയിൽ രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഫ്രാൻസിൽ ഒരാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. ഫ്രാൻസിൽ 518 പേർ മരിച്ചപ്പോൾ ഇറ്റലിയിൽ 525 പേരാണ് ഇന്നലെ മരിച്ചത്. മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞുവരുന്ന സ്പെയിനിൽ ഇന്നലെ 694 പേരാണ് മരിച്ചത്.
ജർമ്മനി, ഇറാൻ, ബെൽജിയം, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. കാനഡയിൽ ഒരു ദിവസത്തിനിടെ മരണനിരക്കിൽ 20 ശതമാനത്തിന്‍റെ വർദ്ധനയുണ്ടായി. എത്യോപ്യയിലും ഹെയ്തിലിയിലും ആദ്യ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ സുഡാനിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ലിബിയയുടെ മുൻ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഫലിപ്പൈൻസിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച ആളെ പോലീസ് വെടിവെച്ചുകൊന്നു.
അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. ന്യൂയോർക്കിലെ മരണസംഖ്യയിൽ നേരിയ കുറവെന്ന് ഗവർണർ പറഞ്ഞു. ന്യൂയോർക്കിലെ ബ്രോങ്സ് മൃഗശാലയിൽ 4 വയസ് പ്രായമുള്ള പെൺകടുവയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരനിൽ നിന്നാണ് രോഗം പകർന്നതെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് പ്രതീക്ഷയുടെ വെളിച്ചം ദൂരെ കണ്ടുതുടങ്ങിയെന്നാണ് പ്രതികരിച്ചത്. അധികം വൈകാതെ തന്നെ നമ്മൾ ചെയ്ത കാര്യങ്ങളെ കുറിച്ച് നാം അഭിമാനിക്കും. പക്ഷേ നിരവധി പേർ മരിച്ചുവീഴുന്ന ഈ സന്ദർഭത്തിൽ സന്തോഷിക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്രയും വേഗം സുഖപ്പെട്ടെയെന്നും ട്രംപ് പറഞ്ഞു.