തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ചവരില്‍ 95 പേര്‍ മരിച്ചുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. എന്നാല്‍ ഒരു ഡോസ് മാത്രമെടുത്ത 546 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. വാക്സിനെടുത്തശേഷം മരിച്ചവരില്‍ ഏറെയും അറുപത് വയസ് കഴിഞ്ഞവരും മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണെന്നും കണക്കുകള്‍ കാണിക്കുന്നു.
സംസ്ഥാനത്ത് ഒരുമാസത്തിനിടെ കൊവിഡ് മൂലം മരിച്ചത് 4099 പേരാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇതില്‍ പതിനയ്യായിരത്തോളം പേരും അറുപതുവയസുകഴിഞ്ഞവരാണ്. പതിനെട്ടിന് താഴെ പ്രായമുള്ളവരാണ് ഏറ്റവും കുറവ്. വാക്സിനെടുത്താലും പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാണ് സാദ്ധ്യത. കഴിഞ്ഞ രണ്ടുദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നിരുന്നു. ഇതിന് ആനുപാതികമായി മരണ സംഖ്യയും ഉയരുമോ എന്നാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. അടുത്തമാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം എത്തിയേക്കും എന്നാണ് കരുതുന്നത്. ഇതും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന സംശയവും വിദഗ്ദ്ധര്‍ക്കുണ്ട്.