ന്യൂഡല്‍ഹി: കൊവിഡ് പേടിയെ തുടര്‍ന്ന് ബന്ധുക്കള്‍ കയ്യൊഴിഞ്ഞ ഭര്‍ത്താവിന്റെ ശവസംസ്കാരം നടത്തി ഭാര്യ. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലാണ് സംഭവം. ഇയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ കൊവിഡ് പേടിയെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കളോ നാട്ടുകാരോ മുന്നോട്ടുവന്നില്ല.
ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറായിരുന്ന കൃഷ്ണ നായിക്കിന്റെ മൃതദേഹമാണ് ഭാര്യ സംസ്‌കരിച്ചത്. ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ഇയാളെ ജയ്പൂര്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോരാപുട്ടിലെ സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃഷ്ണ നായികിനെ ബന്ധുക്കള്‍ സ്വദേശമായ വിശാഖപട്ടണത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ കൊവിഡ് ബാധിച്ചത് മൂലമാണ് ഇദ്ദേഹം മരിച്ചതെന്ന് കരുതി അല്‍വാസികളോ ബന്ധുക്കളോ വീട്ടിലേക്ക് പ്രവേശിക്കാന്‍ തയ്യാറായില്ല. ആരും തയ്യാറാകാതെ വന്നതോടെ കൃഷ്ണ നായികിന്റെ ഭാര്യ മുന്നിട്ടിറങ്ങുകയായിരുന്നു. പി പി ഇ കിറ്റ് ധരിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.