ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകള്‍ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2593 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,57,545 ആയി ഉയര്‍ന്നു. ഇന്നലെ 44 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,22,193 ആയി. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1083 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് നാലാം തരംഗം നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി 13നാണ് പ്രധാനമന്ത്രി ഇതിന് മുന്‍പ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.