ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്. 1,52,879 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.33 കോടിയായി. 839 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം 1.69 ലക്ഷമായി.
തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ലക്ഷം കടക്കുന്നത്. 90,584 പേര്‍ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 11.08 ലക്ഷമാളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ചത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് രോഗികളില്‍ 72.33 ശതമാനവും. നിലവില്‍ ചികിത്സയിലുള്ളവരില്‍ 51.23 ശതമാനം ആളുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. ഇതിനോടകം രാജ്യത്ത് 10.15 കോടിയാളുകളെ വാക്സിനേഷന് വിധേയമാക്കി.