തിരുവനന്തപുരം : ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും മൊബൈല്‍ ഷോപ്പ് ഉടമക്കും രോഗം എവിടെ നിന്ന് വന്നു എന്ന് വ്യക്തമല്ല. കെഎസ്‌ആര്‍ടിസി ഡ്രൈവറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
തൃശൂര്‍ സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജൂണ്‍ രണ്ടിന് തൃശൂരില്‍ നിന്ന് ബൈക്കില്‍ തിരുവനന്തപുരത്ത് എത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്നാട് അതിര്‍ത്തിയിലും എത്തിച്ച ബസില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വെള്ളയമ്പലം പെട്രോള്‍ പമ്പിലും വഴുതക്കാട്ടെ ആര്‍ടിഒ ഓഫീസിലും ഉള്‍പ്പെടെ രോഗി പോയ സ്ഥലങ്ങള്‍ ജില്ലാ ഭരണകൂടം പുറത്ത് വിട്ട റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പാപ്പനംകോട് ഡിപ്പോയിലെ 6 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. മൊബൈല്‍ ഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശിയായ ആള്‍ മെയ് 27ന് മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ്. ഇരുവരുടെയും സമ്പര്‍ക്ക ലിസ്റ്റ് ഉടന്‍ തയ്യാറാക്കും.
ചെന്നൈയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശികളായ യുവതിയും രണ്ട് വയസുള്ള കുഞ്ഞുമാണ് ഇന്നലെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍. ചെന്നൈയില്‍ നിന്ന് ഈ മാസം 14നാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. ആശാ വര്‍ക്കര്‍ക്ക് രോഗം സ്ഥിരീകരിച്ച കാട്ടാക്കട പഞ്ചായത്തിലെ 10 വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണുകളാക്കി. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും.