ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് വര്‍ധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
2812 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവില്‍ 28,13,658 പേര്‍ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തിനിരക്ക് വീണ്ടും താണു. നിലവില്‍ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു.
ഇതിനിടെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ടെക് ഭീമന്‍മാരായ ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. ഗൂഗിളും ഗൂഗിള്‍ ജീവനക്കാരും ചേര്‍ന്ന് 135 കോടി വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നു എന്ന് സി ഇ ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗിവ് ഇന്ത്യ, യൂണിസെഫ്, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയാകും ഫണ്ട് കൈമാറുക. ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയും ട്വീറ്റ് ചെയ്തു. പ്രതിസന്ധി നേരിടുന്നതില്‍ മൈക്രോസോഫ്റ്റ് അതിന്റെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നും നദെല്ല അറിയിച്ചു.