ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് 19 മഹാമാരി ബാധിച്ച് മരിച്ചവരില്‍ 90 ശതമാനം പേരും 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. മരണമടഞ്ഞവരില്‍ 69% പേരും പുരുഷന്മാരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഓഗസ്റ്റ് 22 വരെ മരണമടഞ്ഞ 56, 292 കൊവിഡ് ബാധിതരില്‍ പകുതിയില്‍ ഏറെയും 50-70 വയസ്സിനു മധ്യേ പ്രായമുള്ളവരാണ്. ഇതില്‍ തന്നെ 61-70 നു മധ്യേയുള്ള സ്ത്രീ പുരുഷന്മാരാണ് ഏറ്റവും കൂടുതല്‍ മരിച്ചത്.
മരിച്ചവരില്‍ മൂന്നിലൊരാള്‍ സ്ത്രീയാണ്. ഓഗസ്റ്റ് 22 വരെ 17,315 സ്ത്രീകള്‍ മരിച്ചു. 38,973 പുരുഷന്മാരും മരണമടഞ്ഞു. 20 വയസ്സിനു താഴെ മരിച്ച 599 പേരില്‍ 49% പേരും പെണ്‍കുട്ടികളാണ്. 11-20 പ്രായപരിധിയിലുള്ളവരാണ് ഇവര്‍. പത്തുവയസ്സില്‍ താഴെയുള്ളവരുടെ മരണം വളരെ കുറവാണ്. മരിച്ചവരില്‍ 301 പേര്‍ 90 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ആകെ മരണത്തിന്റെ 0.5% ശതമാനമാണിത്. ഇത് ലോക ശരാശരിയെ അപേക്ഷിച്ച് വളരെ താഴെയാണ്.
ലോകത്ത് മരിച്ചവരില്‍ 85 വയസ്സിനു മുകളിലുള്ളവര്‍ 3.4% ആണെന്ന് ജൂണ്‍ വരെയുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മരണമടഞ്ഞ കൊവിഡ് രോഗികള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നവരുമുണ്ട്. ഹൃദയസംബന്ധമായ അസുഖമോ പ്രമേഹം, രക്താദിസമ്മര്‍ദ്ദം, വൃക്ക രോഗങ്ങള്‍ എന്നിവ അലട്ടുന്നവരോ ആയവര്‍ക്ക് മരണസാധ്യത ഏറെയാണ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനം മരണനിരക്ക് 1.7% ആയി കുറയ്ക്കാന്‍ സഹായിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ പറയുന്നു. ആഗോള തലത്തില്‍ മരണനിരക്ക് 3.3% ആണ്.