കൊല്‍ക്കത്ത: കോവിഡ‍് ബാധിച്ച് 75 കാരന്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടംബാംഗങ്ങള്‍ മൃതദേഹവും മറവ് ചെയ്ത് അന്ത്യകര്‍മങ്ങളും നടത്തി. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മരിച്ചെന്ന് കരുതിയ ആള്‍ ജീവനോടെ തിരിച്ചു വന്നു. പശ്ചിമബംഗാളിലാണ് ആശുപത്രി അധികൃതര്‍ക്കുണ്ടായ ആശയക്കുഴപ്പം മൂലം മൃതദേഹം മാറിയത്.
പശ്ചിമ ബംഗാളിലെ കര്‍ദയിലുള്ള ബല്‍റാംപൂര്‍ ബസു ആശുപത്രിയിലാണ് നവംബര്‍ 4 ശിബ്ദാസ് ബാനര്‍ജി എന്ന 75 കാരനെ കോവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തിച്ചത്. നവംബര്‍ 13ന് ഇദ്ദേഹം മരിച്ചെന്ന് ആശുപത്രി അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചു. കൂടാതെ ഒരു മൃതദേഹവും വിട്ടുനല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഒരാഴ്ച്ച കഴിഞ്ഞ് ബാനര്‍ജിയുടെ ശ്രദ്ധ ചടങ്ങുകള്‍ കുടുംബം നടത്താനിരിക്കേ വെള്ളിയാഴ്ച്ചയാണ് മൃതദേഹം മാറിയെന്നും ശിബ്ദാസ് ബാനര്‍ജി ജീവനോടെയുണ്ടെന്നും ആശുപത്രിയില്‍ നിന്നും അറിയിപ്പ് വരുന്നത്. ശിബ്ദാസിനെ അഡ്മിറ്റ് ചെയ്ത അതേദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹിനിമോഹന്‍ മുഖര്‍ജിയുടെ മൃതദേഹമാണ് കുടുംബം ആള് മാറി സംസ്കരിച്ചത്.
നവംബര്‍ ഏഴിന് മോഹിനിമോഹന്‍ മുഖര്‍ജിയെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത് ബാനര്‍ജിയുടെ വിവരങ്ങളും. ഇതാണ് വലിയ ആശയക്കുഴപ്പത്തിന് കാരണമായത്. മോഹിനിമോഹന്‍ മുഖര്‍ജി കോവിഡ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടതോടെ റിപ്പോര്‍ട്ടിലെ തെറ്റിദ്ധാരണ മൂലം ബാനര്‍ജിയുടെ കുടുംബത്തേയാണ് വിവരം അറിയിച്ചതും മൃതദേഹം കൈമാറിയതും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മറവ് ചെയ്യേണ്ടതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് മൃതദേഹം അടുത്തു നിന്ന് കാണാനുള്ള അവസരവും ഉണ്ടായില്ല. അതിനാല്‍ തന്നെ ബാനര്‍ജിയാണെന്ന് കരുതി മറവു ചെയ്ത് അന്ത്യകര്‍മങ്ങള്‍ നടത്തി. ഈ സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാനര്‍ജി. വെള്ളിയാഴ്ച്ച ബാനര്‍ജി കോവിഡ് മുക്തനായതോടെ ആശുപത്രി ജീവനക്കാര്‍ വിവരം അറിയിച്ചത് മരിച്ച മോഹിനിമോഹന്റെ വീട്ടുകാരേയും. മോഹിനിമോഹനെ സ്വീകരിക്കാന്‍ എത്തിയ കുടുംബം കണ്ടത് അപരിചതനായ മറ്റൊരാളെ. ഇതോടെയാണ് ആശുപത്രിക്ക് പറ്റിയ വീഴ്ച്ച പുറത്തറിയുന്നത്.
ഇതേസമയം, ബാനര്‍ജിയുടെ വീട്ടില്‍ മരണം നടന്ന് ഒരാഴ്ച്ച കഴിഞ്ഞുള്ള ശ്രദ്ധ ചടങ്ങുകള്‍ക്കായുള്ള ഒരുക്കം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രിയില്‍ നിന്നും അദ്ദേഹം മരിച്ചിട്ടില്ലെന്ന വിവരം വരുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ എത്തി അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച അന്വേഷിക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ് നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച്ചയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തപസ് റോയ് അറിയിച്ചു.