തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് മരണ നിരക്ക് ഇനിയും കൂടുമെന്ന സൂചന. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്.
ഒരു വയസിനും 17 വയസിനുമിടയിലുള്ള 3 പേര്‍, 18 വയസിനും 40നും ഇടയിലുള്ള 26 പേര്‍, 41നും 59നും ഇടയിലുള്ള 138 പേര്‍, 60വയസിന് മുകളിലുളള 405 പേര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക്. ഇതില്‍ 72.73 ശതമാനം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഉറവിടമറിയാതെ രോഗബാധിതരായ 23 ശതമാനം പേരും മരിച്ചവരില്‍പെടുന്നു.
രോഗബാധിതരില്‍ എല്ലാ പ്രായ പരിധിയില്‍ പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. മാത്രവുമല്ല റിവേഴ്സ് ക്വാറന്‍റൈന്‍ അടക്കം പാളുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കിലിത് 1000 കടന്നു. മരണ നിരക്ക് കുറച്ച് കാണിക്കാന്‍ പല മരണങ്ങളും കൊവിഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന ആരോപണവും ശക്തമാണ്. രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണ്