തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിടാതെ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അനാവശ്യമായ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടി മരണനിരക്ക് കുറവാണെന്ന് കാണിക്കാന്‍ വേണ്ടിയുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രഖ്യാപിത മരണങ്ങളും അപ്രഖ്യാപിത മരണങ്ങളും തമ്മിലുള്ള വ്യത്യാസം രൂക്ഷമാണ്. ഇന്ന് ഇന്ത്യയില്‍ 68 ശതമാനം രോഗികള്‍ കേരളത്തിലാണ്. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. എന്നിട്ട് കേരള മോഡല്‍ ഗംഭീര വിജയമാണെന്ന് ഈ മുഖ്യമന്ത്രിക്കല്ലാതെ ഒരാള്‍ക്കും അഭിമാനിക്കാന്‍ കഴിയില്ല.
ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു റോളുമില്ലെന്നും കുറേ ഉദ്യോഗസ്ഥന്മാരുടെ കൈയിലാണ്. അവര്‍ പറയുന്നത് ഏറ്റു പാടിക്കൊണ്ടിരിക്കുകയാണ്. മുട്ടില്‍ മരം മുറിയും ഡോളര്‍ കള്ളക്കടത്ത് കേസും സര്‍ക്കാറിന്‍റെ 100 ദിന ബാലന്‍സ് ഷീറ്റാണെന്നും സതീശന്‍ വിമര്‍ശിച്ചു.