തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയം കുറഞ്ഞതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനെടുക്കുന്നത്. വൈറസ് പടര്‍ച്ച അതിരൂക്ഷമാണ് എന്നതിലേക്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
പരിശോധനകളുടെ എണ്ണം കുത്തനെ ഉയര്‍ത്തി കേസുകള്‍ കണ്ടെത്തി പ്രതിരോധിക്കുക എന്ന മാര്‍ഗമാണ് നിലവില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുമ്പോള്‍ 15,000-20,000 ഇടയിലാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി 15ന് മുകളില്‍ ആണെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എറണാകുളത്താണ് വ്യാപനം ഏറ്റവും രൂക്ഷം.
എറണാകുളത്തിന് പുറമെ കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം നിയന്ത്രണാധീതമായി ഉയരുന്നുണ്ട്. മൂന്ന് ജില്ലകളിലും പ്രതിദിന രോഗികള്‍ 2,000 കടന്നു. മാസ് പരിശോധനയ്ക്ക് ഒപ്പം മെഗാ വാക്സിനേഷനും നടത്തുക എന്നതായിരുന്നു ലക്ഷ്യം. വാക്സീന്‍ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് വാരാന്ത്യത്തില്‍. അത്യാവശ്യ സേവനങ്ങള്‍ക്ക് മത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസ് മാത്രമെ അനുവദിക്കു.