കോട്ടയം : കോവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കുന്നതിന് മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് കഴുത്തറപ്പൻ ചൂഷക സംഘങ്ങൾ സജീവം. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മുട്ടമ്പലം ശ്മശാനത്തിൽ എത്തിക്കുന്നതിന് ഇവർ ആവശ്യപ്പെട്ടത് 21,000 രൂപ. കഴിഞ്ഞ ദിവസം മരിച്ച തലയോലപ്പറമ്പ് സ്വദേശിനിയുടെ (62) മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ എത്തിച്ചതിന് 22,000 രൂപ വാങ്ങിയിരുന്നു. ഇതിനു പുറമേ ചിതാഭസ്മം മൺകലത്തിൽ വാങ്ങിയതിന് 500 രൂപ വേറെയും നൽകേണ്ടിവന്നു.
കോട്ടയം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ആംബുലൻസ് സർവീസ് ഗ്രൂപ്പിലെ ഡ്രൈവറാണ് മരണമടഞ്ഞ സ്ത്രീയുടെ ബന്ധുക്കളെ സമീപിച്ചു വൻതുക വാങ്ങിയത്. മെഡിക്കൽ കോളജിലും പരിസരത്തും പരമാവധി 1000 രൂപയും പിപിഇ കിറ്റും വാങ്ങിക്കൊടുത്താൽ മൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തിൽ എത്തിക്കുന്ന സ്ഥാനത്താണ് ഇവരുടെ കൊള്ള.