തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ആശ്വാസ പാക്കേജുമായി സര്‍ക്കാര്‍. 20,000 കോടി
രൂപയുടെ കൊവിഡ് പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് നാടു നീങ്ങുന്നത്. ജനജീവിതത്തെ കൊവിഡ് വ്യാപനം സാരമായി ബാധിച്ചു. അതിനെ അതിജീവിക്കുക വലിയ പ്രതിസന്ധി തന്നെയായിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി രണ്ടുമാസത്തെ സാമൂഹിക പെന്‍ഷന്‍ ഒരുമിച്ചു നല്‍കും. ഏപ്രില്‍ മാസത്തെ സാമൂഹിക പെന്‍ഷന്‍ കൂടി ഈ മാസം വിതരണം ചെയ്യും. കുടിശ്ശികകള്‍ ഉടന്‍ കൊടുത്തുതീര്‍ക്കും. സാമൂഹിക പെന്‍ഷനില്ലാത്തവര്‍ക്ക് ആയിരം രൂപ വീതം ലഭ്യമാക്കും. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പകള്‍ അനുവദിക്കും. അഞ്ഞൂറു കോടിയുടെ ആരോഗ്യ പാക്കേജ് ഈ പദ്ധതിയില്‍ നടപ്പാക്കും. എ.പി.എല്‍. ബി.പി.എല്‍ വ്യത്യാസമില്ലാതെ ഒരു മാസം എല്ലാവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന ആയിരം ഹോട്ടലുകള്‍ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് തുറക്കും.