ന്യൂഡല്‍ഹി: കോവിഡ് 19ന്റെ തീവ്ര വ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദമാണ് (ബി.1.1.617.2) കേരളത്തില്‍ ഇപ്പോള്‍ പകുതിയില്‍ കൂടുതലെന്ന് ജനിതപഠനത്തില്‍ വ്യക്തമായി. ഇരട്ട മാസ്കും വാക്സിനേഷനും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇതിനെ നേരിടണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) കേരളത്തില്‍ നിന്നു മാര്‍ച്ചില്‍ ശേഖരിച്ച സാമ്പിളുകള്‍ ജനിതശ്രേണീകരണം നടത്തിയപ്പോള്‍ യുകെ വകദേഭം പ്രബലമെന്നാണു കണ്ടെത്തിയിരുന്നത്.
9 ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ കേരളത്തില്‍ 7.3% മാത്രമായിരുന്നു. അതിന് ബി.1.1.617 എന്നാണു പേരിട്ടിരുന്നത്. എന്നാല്‍ ഈ വകഭേദത്തില്‍തന്നെ കഴിഞ്ഞ മാസം ചില ജനിതകമാറ്റങ്ങള്‍ ദൃശ്യമായി. അതിനാല്‍ ഇപ്പോള്‍ മൂന്നായി തിരിച്ചിട്ടുണ്ട്. ബി.1.1.617.1, ബി.1.1.617.2, ബി.1.1.617.3. ഇതില്‍ ബി.1.1.617.2 ആണ് കേരളത്തിലും രാജ്യത്തു തന്നെയും കൂടുതലായി കാണുന്നത്. തീവ്രവ്യാപനശേഷിയില്‍ യുകെ വകഭേദത്തെക്കാള്‍ മുന്നിലാണിത്.
എന്നാല്‍ ശരീരത്തിന്റെ പ്രതിരോധശേഷിയെ മറികടക്കാനുള്ള (ഇമ്യൂണ്‍ എസ്കേപ്) ശേഷിയില്ല. ബി.1.1.617.1ന് ഇമ്യൂണ്‍ എസ്കേപ് ശേഷിയുണ്ട്. ബി.1.1.617.2 വാക്സീന്‍ ഫലപ്രാപ്തി കുറയ്ക്കുന്നതിന്റെ സൂചനകളുണ്ട്. എന്നാല്‍ പ്രശ്നകാരികളായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ക്കുള്ളത്ര ഗൗരവമായ തോതിലല്ല. വാക്സീന്‍ സ്വീകരിച്ചവരെ ഈ വകഭേദം ബാധിക്കുന്നതിന്റെ തോതും കുറവാണ്.
ബി.1.1.617.2 വാക്സീന്‍ ഫലപ്രാപ്തി കുറയ്ക്കുന്നതിന്റെ സൂചനകളുണ്ട്. എന്നാല്‍ പ്രശ്നകാരികളായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ക്കുള്ളത്ര ഗൗരവമായ തോതിലല്ല. വാക്സീന്‍ സ്വീകരിച്ചവരെ ഈ വകഭേദം ബാധിക്കുന്നതിന്റെ തോതും കുറവാണ്. കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍കോട്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സാമ്പിളുകള്‍ പഠിച്ചതില്‍നിന്നുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ ഏറെയും ബി.1.1.617.2 ആണുള്ളത്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യുകെ വകഭേദം ഇപ്പോഴും പ്രബലമാണ്.