ന്യൂഡല്‍ഹി : ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 16,95,988 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. ദിനംപ്രതി 50,000 ത്തിലേറെ രോഗബാധിതരുണ്ടാകുന്നത് രാജ്യത്ത് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. ഇന്നലെ മാത്രം 57,118 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും അതിവേഗം ഉയരുകയാണ്. ഇപ്പോള്‍ ആകെ മരണം 36,511 ആയി. മഹാരാഷ്‌ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
കേരളത്തിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 1,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കോവിഡ് ബാധിച്ച് 11 പേര്‍ ഇന്നലെമാത്രം സംസ്ഥാനത്ത് മരിച്ചു. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പലരുടെയും രോഗ ഉറവിടം കണ്ടെത്താനും സാധിക്കുന്നില്ല. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്. കേരളത്തില്‍ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.