ഹൈദരാബാദ് : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാലറി കട്ടുമായി തെലങ്കാന സര്‍ക്കാര്‍. കരാര്‍ തൊഴിലാളികള്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരുടെ 10 മുതല്‍ 75 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ശമ്പളത്തിന്റെ പകുതി മാത്രമോ അല്ലെങ്കില്‍ ശമ്പള വിതരണത്തില്‍ താമസം നേരിടുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം അറിയിച്ചിരിക്കുന്നത്.
പൊതുമേഖലസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിരമിച്ചവര്‍ എന്നിവരുടെ ഗ്രാന്റ്, ശമ്പളം എന്നിവയില്‍ നിന്നും നിശ്ചിത തുക പിടിക്കും. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ സംസ്ഥാന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരുടെ 75 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുക.
ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ 60 ശതമാനം ശമ്പളവും മറ്റ് സെന്‍ട്രല്‍ സര്‍വീസ് കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥരുടെ 50 ശതമാനം ശമ്പളവും വെട്ടിക്കുറയ്ക്കും. കൂടാതെ ക്ലാസ് നാല്, കരാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതനമാനവും വിരമിച്ചവരുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് 50 ശതമാനവും വിരമിച്ച ക്ലാസ് നാല് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ തുക പത്ത് ശതമാനവും വീതമാണ് ശമ്പളം കട്ട് ചെയ്യുക.