മഹാരാഷ്ട്ര : രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗബാധിക്കുന്നവരുടെ എണ്ണം 7000ന് അടുത്തെത്തി. തുടർച്ചയായി അഞ്ചാം ദിവസവും 6000ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. രോഗപരിശോധന കൂടിയതാണ് രോഗവർധന നിരക്ക് കൂടുതൽ രേഖപ്പെടുത്താൻ കാരണമെന്ന് ഐസിഎംആര്‍ അറിയിച്ചു
6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ആകെ കോവിഡ് ബാധിതർ 1,38,845 ഉം മരണം 4021 ഉം കടന്നു. 57720 പേർക്ക് രോഗം മാറി. രോഗമുക്തി നിരക്ക് 42% വും മരണനിരക്ക് 3% വും ആണ്. ദിനംപ്രതി 1,00,200 സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതിൽ 5 % പോസിറ്റീവാണ്. ഇതുവരെ 30 ലക്ഷം പരിശോധന നടത്തി. ഇതാണ് രോഗബാധിതരുടെ എണ്ണത്തിലെ വർധനക്ക് കാരണമെന്ന് ഐസിഎംആര്‍ പറയുന്നു. വരുന്ന ആഴ്ചകളിലും ആരോഗ്യമന്ത്രാലയം വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.
ഡൽഹിയിൽ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. തലസ്ഥാനത്ത് 3 പുതിയ പ്രദേശങ്ങൾ കൂടി ചേർത്തതോടെ മൊത്തം നിയന്ത്രിത മേഖലകൾ 90 ആയി. ഇതിനിടെ, ഡൽഹി-ഗാസിയബാദ് അതിർത്തി അടച്ചു. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 14,063 രോഗബാധിതരും 344 മരണവും റിപ്പോർട്ട് ചെയ്തു. 72 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാനിൽ രോഗബാധിതർ 7000 കടന്നു. മരണം 163. ഇന്ന് മാത്രം 145 കോവിഡ് കേസ് കണ്ടെത്തി. പശ്ചിമ ബംഗാളിൽ രോഗബാധിതർ 4000ത്തോടടുത്തു, മരണം 200 കവിഞ്ഞു. മധ്യപ്രദേശിൽ രോഗബാധിതർ ഏഴായിരത്തിനടുത്തെത്തി. മരണസംഖ്യ 300. ബീഹാറിൽ 163 പുതിയ കേസുകളും അസമിൽ 13ഉം റിപ്പോർട്ട് ചെയ്തു.