ഭുവനേശ്വര്‍: ലോകത്ത് കോവിഡ് വ്യാപനം തടയാന്‍ നരബലി നടത്തണമെന്ന സ്വപ്‌നത്തിന്റെ പേരില്‍ പുരോഹിതന്‍ 55കാരനെ തലയറുത്തുകൊന്നു. ഒഡിഷയിലാണ് സംഭവം. കട്ടക്കിലെ നരസിംഹ്പുര്‍ ബ്ലോക്കിലെ ബന്ധഹുഡ പ്രദേശത്തെ ബ്രാഹ്മണി ദേവീ ക്ഷേത്രത്തിലെ പുരോഹിതനായ സന്‍സാരി ഓഝ(70)യാണ് ബുധനാഴ്ച രാത്രി സരോജ് കുമാര്‍ പ്രധാനെന്നയാളെ തലയറുത്തുകൊന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊറോണ വൈറസ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഒരാളുടെ തലവെട്ടണമെന്ന് ദേവി സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് കൊലനടത്തിയതെന്നാണ് പുരോഹിതന്റെ വാദം. ബുധനാഴ്ച രാത്രി ക്ഷേത്രത്തിലെത്തിയ പ്രധാന്‍ ദേവിയെ വണങ്ങാനായി തലകുനിച്ചപ്പോള്‍ ഓഝ പിറകിലെത്തി അരിവാളുപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു.
പിന്നീട് കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചതായി അതഗഢ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അലോക് രഞ്ജന്‍ റായ് പറഞ്ഞു. എന്നാല്‍ പുരോഹിതനും കൊല്ലപ്പെട്ടയാളും തമ്മില്‍ ഗ്രാമത്തിനു പുറത്തുള്ള മാന്തോട്ടത്തിന്റെ പേരില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് എസ്.ഡി.പി.ഒ. പറഞ്ഞു.