തിരുവനന്തപുരം : സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ആര്‍.ടി.പി.സി.ആര്‍ എടുക്കാന്‍ പോയി വന്നിട്ട് സാധനം വാങ്ങാന്‍ പോകുന്നതൊക്കെ നടക്കുന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു.
‘ഒരു അര കിലോ ഉണക്കമീന്‍ വാങ്ങാന്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ എടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുമോ? ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന് മുന്‍പില്‍ പറയേണ്ടതാണോ? കഷ്ടം’- സുധാകരന്‍ പറഞ്ഞു.
ആറ് ദിവസം ലോക്ക്ഡൗണ്‍ ഇല്ലാ എന്നതാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്. അല്ലാതെ വാക്‌സിന്‍ സ്വീകരിച്ച ശേഷം കടയില്‍ പോണമെന്നതല്ല. ഇവിടെ വാക്‌സിന്‍ കിട്ടാനുണ്ടോ? അതിന് ആരാ കുറ്റവാളി, ജനങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ ഒരു വാക്സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.