മഞ്ചേരി : സ്രവ പരിശോധനയില്ലാതെ സര്‍ക്കാര്‍ അംഗീകൃത ലാബിന്റെ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ മഞ്ചേരിയിലെ സ്വകാര്യ ലാബില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന. മെഡിക്കല്‍ കോളജ് ആശുപത്രി പ്രധാന കവാടത്തിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിലാണ് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയത്. സുതാര്യമല്ലാത്ത പരിശോധന ഫലം നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ലാബ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നഗരസഭ സെക്രട്ടറി നോട്ടീസ് നല്കി. ജില്ല മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
പരിശോധനക്കായി സ്രവം നല്‍കാതെയും വ്യക്തി നേരിട്ടെത്താതെയും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാവിലെ 9.30 ഓടെ പരിശോധനക്ക് എത്തിയ സംഘം ലാബിലെ രേഖകളും കമ്പ്യൂട്ടറുകളും പരിശോധിച്ചു. ഐ.ടി വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു കമ്പ്യൂട്ടറുകള്‍ പരിശോധിച്ചത്. ലാബിലെ സ്രവ പരിശോധന വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങളുമായി യോജിക്കുന്നില്ലെന്ന് തെളിഞ്ഞു.
രണ്ട് പരിശോധന ഫലങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഉപഭോക്താക്കള്‍ക്ക് കൃത്യമായി ബില്‍ നല്‍കുന്നില്ലെന്നും കണ്ടെത്തിയതോടെ ഇക്കാര്യം ജി.എസ്.ടി അധികൃതരെ കൂടി അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി അഫ്സല്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.വി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഷീന ലാല്‍, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.അനിത, ജില്ല ഡ്രഗ് ഇന്‍സ്പെക്ടര്‍ ഡോ. എം.സി. നിഷിത്ത്, അരുണ്‍കുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേഷന് മെഡിക്കല്‍ ഓഫിസര്‍ ഡോ. നവ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.വി ബിശ്വജിത്ത്, വി.കെ സുബറാം, എസ്.ഐ രാജേന്ദ്രന് നായര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.