23.7 C
Pathanāmthitta
Friday, June 17, 2022 6:13 am

താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍നിന്നും രക്ഷിച്ച പെണ്‍കുട്ടിയെ കാണാന്‍ ; അച്ഛന്റെ വാത്സല്യവുമായി ആക്ഷന്‍ ഹീറോ എത്തി

പാലക്കാട് : രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ തേടിയാണ് സുരേഷ് ഗോപി വീട്ടിലെത്തിയത്. വികാര നിര്‍ഭരമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച, താന്‍ ദൈവത്തെ പോലെ കാണുന്ന താരം തന്റെ മറ്റൊരു ബുദ്ധിമുട്ടറിഞ്ഞതും വീണ്ടും കരുതലായ്, സ്നേഹമായ് അരികിലേക്ക് എത്തി, അതിരുകള്‍ക്കുമപ്പുറം ആയിരുന്നു അവളുടെ സന്തോഷം.

”അന്നുകണ്ട നിന്റെ മുഖം ഇപ്പോഴും ഓര്‍മയുണ്ട് മകളേ” സുരേഷ് ഗോപി പറഞ്ഞപ്പോള്‍ ഓര്‍മകളുടെ തിരതള്ളലില്‍ ശ്രീദേവി വിതുമ്പിക്കൊണ്ട് ആ നെഞ്ചോടുചേര്‍ന്നു. ഒരുനിമിഷം അവര്‍ അച്ഛനും മകളുമായി. പൊതിഞ്ഞുകൊണ്ടുവന്ന പലഹാരങ്ങള്‍ അവള്‍ക്ക് നല്‍കി. പൊതിതുറന്ന് ശ്രീദേവി മകള്‍ ശിവാനിക്ക് അതുകൊടുത്തപ്പോള്‍ മുത്തച്ഛനെപ്പോലെ സുരേഷ് ഗോപി നോക്കിയിരുന്നു. എല്ലാം ശരിയാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സങ്കടങ്ങള്‍മറന്ന് അവള്‍ പറഞ്ഞു ”സന്തോഷമായി, സ്വര്‍ഗംകിട്ടിയപോലെ. എനിക്ക് അച്ഛനും എല്ലാവരുമുണ്ട്.”

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയുടെ കഥ സുരേഷ് ഗോപി അറിയുന്നത്, പ്രസവിച്ച ഉടന്‍ അമ്മ തെരുവില്‍ ഉപേക്ഷിച്ചവള്‍, ശേഷം ഭിക്ഷാടന മാഫിയയുടെ കയ്യില്‍ അകപ്പെട്ടവള്‍ അന്ന് അവള്‍ക്ക് അദ്ദേഹം തണലായി, ഇന്നവള്‍ നാലരവയസ്സുകാരി ശിവാനിയുടെ അമ്മയാണ്. ചെറിയ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന പരിപാടികള്‍ക്കായ് തിരിച്ചപ്പോള്‍ ആരോ പറഞ്ഞു, അന്നത്തെ ആ കുട്ടി കാവശ്ശേരിയിലുണ്ട് ഉടന്‍തന്നെ തൃപ്പൂണിത്തുറയിലെ സ്വാമിയുടെ കടയില്‍ നിന്നും കുറച്ച്‌ പലഹാരവുമായി അവള്‍ക്ക് അരികിലേക്ക് എത്തി.

സിനിമാക്കഥപോലെതന്നെയാണ് ശ്രീദേവിയുടെ ജീവിതവും. 25 വര്‍ഷംമുമ്പ് മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്പിലെ കടത്തിണ്ണയില്‍ ഉറുമ്ബരിച്ച്‌ കൈകാലിട്ടടിച്ചുകരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവള്‍. കോഴിച്ചന്ന കണ്ടംതിറയിലെ നാടോടിയായ തങ്കമ്മ എന്ന എണ്‍പതുകാരി അന്ന് മകളായി ഏറ്റെടുത്തു. പുറമ്പോക്കിലെ കുടിലില്‍ പ്രസവിച്ചുകിടന്നിരുന്ന തങ്കമ്മയുടെ മകള്‍ വേട്ടക്കാരി അവളെയും മുലയൂട്ടി. തങ്കമ്മ ആക്രിപെറുക്കിയും നാട്ടുകാരുടെ സഹായംകൊണ്ടും ശ്രീദേവിയെ വളര്‍ത്തി. നാടോടികള്‍ക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളില്‍ വാര്‍ത്തയായി.

കോഴിച്ചന്ന എ.എം.എല്‍.പി സ്‌കൂളില്‍ ശ്രീദേവിയെ ചേര്‍ത്തപ്പോള്‍ തങ്കമ്മയെ ഒരു ചിന്ത അലട്ടി. തന്റെ കാലശേഷം ഇവളെ ആര് സംരക്ഷിക്കും. ഭിക്ഷാടനവും ആക്രിശേഖരണവും നടത്തുന്ന നാടോടിക്കൂട്ടത്തിലെ ചിലര്‍ ശ്രീദേവിയെ ഉപദ്രവിച്ചുതുടങ്ങിയതും ഈ ആശങ്കയ്ക്ക് കാരണമായി. നടന്‍ ശ്രീരാമനില്‍നിന്ന് ഇക്കഥകള്‍ കേട്ടറിഞ്ഞ സുരേഷ് ഗോപി വീടുവെച്ച്‌ കൊടുക്കാന്‍ ശ്രമംനടത്തിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അവളെ ആലുവയില്‍ ജോസ് മാവേലി നടത്തുന്ന ജനസേവാ ശിശുഭവന്റെ സംരക്ഷണയിലാക്കി. ഇവിടെയായിരിക്കുമ്പോഴാണ് ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. ‘രാഷ്ട്രം’ എന്ന ചലച്ചിത്രത്തിന്റെ ഒരുഭാഗം ജനസേവാ ശിശുഭവനില്‍ ചിത്രീകരിച്ചപ്പോഴാണിത്. ശിശുഭവന്റെ സംരക്ഷണയില്‍ പത്താംക്ലാസുവരെ പഠനം പൂര്‍ത്തിയാക്കി. 2015 ല്‍ വിവാഹംകഴിഞ്ഞ് പാലക്കാട് ആലത്തൂരിനടുത്ത് കാവശ്ശേരിയിലുള്ള ഭര്‍ത്തൃവീട്ടിലെത്തി.

കാവശ്ശേരിസ്വദേശി സതീഷ് പത്രപ്പരസ്യം കണ്ടാണ് ശ്രീദേവിയെ വിവാഹമാലോചിച്ചത്. വീട്ടുകാര്‍ ആദ്യം എതിര്‍ത്തില്ലെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസമായി. സതീഷ് കാവശ്ശേരി ഗ്രാമപ്പഞ്ചായത്തോഫീസിന് സമീപത്ത് ആരംഭിച്ച സ്റ്റേഷനറിക്കടയുടെ പിന്നിലുള്ള മുറിയിലേക്ക് ഇവര്‍ക്ക് താമസംമാറ്റേണ്ടിവന്നു. ഇത് വാടകക്കെട്ടിടമാണ്. മകള്‍ ശിവാനി ഇവരുടെ ജീവിതത്തിലേക്കെത്തിയിട്ട് നാലരവര്‍ഷമായി.

കടനടത്താന്‍ നാലുലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞതുമൂലം വായ്പ കുടിശ്ശികയായി. ഇവരുടെ ദുരിതം മനസ്സിലാക്കിയ ബി.ജെ.പി സംസ്ഥാനസമിതി അംഗം സി.എസ് ദാസാണ് സുരേഷ് ഗോപിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പഴയ ശ്രീദേവിയെ ഓര്‍മിച്ചെടുത്ത അദ്ദേഹം നേരില്‍വന്ന് കാണാന്‍ തീരുമാനിക്കയായിരുന്നു.

സ്വന്തംവീടില്ല, കടബാധ്യത തുടങ്ങിയ സങ്കടങ്ങളൊക്കെ അവള്‍ പറഞ്ഞു. ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ ശ്രീദേവിയും കൂടിക്കാഴ്ചയില്‍ ഒരു അച്ഛനോട് എന്ന പോലെ സുരേഷ് ഗോപിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. അവളുടെ പ്രയാസങ്ങള്‍ എല്ലാം കേട്ട സുരേഷ് ഗോപി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തും എന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്. എല്ലാം പരിഹരിക്കാനുള്ള വഴിതെളിയുമെന്ന അദ്ദേഹത്തിന്റെ വാക്കുകളിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ. ബിജെപി. നേതാക്കളായ ഇ.കൃഷ്ണദാസ്, എന്‍.നാഗേഷ്, വി.വേണുഗോപാല്‍, ടി.ഹരിദാസ്, കെ.സദാനന്ദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular