പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും ഇക്കാര്യം
നിരീക്ഷിക്കുന്നതിനും തീരുമാനമായി. കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ആരാധനാലയങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കും. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. വഴിയോര കടകള്‍, വ്യാപാര സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍, പൊതു ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം, സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ടീം രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും.
പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, ഡിവൈഎസ്പി പ്രവീണ്‍ കുമാര്‍, ആരാധനാലയങ്ങളുടെ ചുമതലക്കാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.