ആലുവ : കൊവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. കീഴ്മാട് സ്വദേശി റഫേല്‍ ആണ് ഒരു മണിക്കൂറോളം രോഗികളെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.
കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങള്‍ മൂലം വീട്ടില്‍ അക്രമാസക്തനായതിനെ തുടര്‍ന്ന് റഫേലിനെ പോലീസ് സഹായത്തോടെ വീട്ടുകാര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ ഇറങ്ങി ഓടിയ ഇയാള്‍ കൊവിഡ് ബാധിതനാണെന്നറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ഓടി മാറി.
ഡോക്ടര്‍മാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലീസും പി.പി.ഇ കിറ്റണിഞ്ഞ ജീവനക്കാരും ചേര്‍ന്ന് കീഴടക്കി തൃശൂര്‍ മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.
കൊവിഡ് രണ്ടാം തരംഗത്തില്‍ മരണങ്ങള്‍ വര്‍ധിച്ചതോടെ രോഗികള്‍ക്ക് ചികിത്സയോടൊപ്പം കൗണ്‍സലിംഗും നല്‍കേണ്ട സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.