ശ്രീനഗര്‍ : കൊവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം ജനക്കൂട്ടം തടഞ്ഞു. ജമ്മു കാശ്മീരിലെ ദോദ ജില്ലയിലാണ് സംഭവം. 72 വയസ്സുകാരനായ ഒരാഴാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജനക്കൂട്ടം പ്രതിഷേധവുമായി എത്തിയതോടെ പകുതി കത്തിക്കരിച്ച മൃതദേഹവുമായി ബന്ധുക്കള്‍ക്ക് സ്ഥലത്തു നിന്നും പോകേണ്ടി വന്നു.
സംസ്കരിക്കുവാനുള്ള അനുമതി ലഭിച്ചതിനു ശേഷം റവന്യു, മെഡിക്കല്‍ സംഘത്തോടൊപ്പമാണ് മരിച്ചയാളുടെ ഭാര്യയും രണ്ടു മക്കളും ഡോമന മേഖലയിലെ ശ്മശാനത്തില്‍ സംസ്കാരം നടത്തിയത്. എന്നാല്‍ ഇവിടെയെത്തിയ ജനക്കൂട്ടം ഇവരെ ആക്രമിച്ചു. വടി, കല്ല് എന്നിവ ഉപയോഗിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. ഇതേ തുടര്‍ന്ന് പകുതി കത്തിക്കരിഞ്ഞ മൃതദേഹവുമായി ഇവര്‍ക്ക് സ്ഥലത്തു നിന്നും മടങ്ങേണ്ടി വന്നു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളെ സഹായിച്ചില്ലെന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ ആരോപിച്ചു.
ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് തങ്ങളെ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതെന്നും അവര്‍ വ്യക്തമാക്കി. പിന്നീട് ഭഗവതി നഗര്‍ മേഖലയിലുള്ള ശ്മശാനത്തില്‍ കടുത്ത സുരക്ഷ സന്നാഹങ്ങളൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ നാലു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.