കോട്ടയം : മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ കലുങ്കിനടിയില്‍. ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. സംക്രാന്തി കൂട്ടുങ്കല്‍ പറമ്പില്‍ ശ്രീകുമാറാണ് (62) മരിച്ചത്.
ഏപ്രില്‍ 28നാണ് അത്യാഹിത വിഭാഗം കെട്ടിടത്തിലെ നാലാം നിലയിലുള്ള കോവിഡ് വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഈ വാര്‍ഡില്‍ രോഗിയുടെ ബന്ധുക്കള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ രോഗികള്‍ക്ക് ഫോണ്‍ അനുവദിക്കാറുണ്ട്. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ശ്രീകുമാറിന്റെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ഇദ്ദേഹം ഉപയോഗിച്ചിരുന്ന 13,000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിലാരോ വാങ്ങിവെച്ചു. 17ന് ശ്രീകുമാര്‍ മരിച്ചു. 18ന് രാവിലെയാണ് ബന്ധുക്കള്‍ ഫോണ്‍ അന്വേഷിക്കുന്നത്. വാര്‍ഡിലേക്ക് വിളിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഫോണിലേക്ക് വിളിച്ചപ്പോള്‍ കളഞ്ഞു കിട്ടിയതാണെന്ന് മറുപടി ലഭിച്ചു. കലുങ്കിന്റെ അടിയില്‍ തോട്ടില്‍ ചെളിയില്‍ പുതഞ്ഞാണ് കിടന്നിരുന്നതെന്നും ഇവര്‍ അറിയിച്ചു. വീട്ടില്‍ വരാമെങ്കില്‍ മടക്കിനല്‍കാമെന്ന് പറഞ്ഞതനുസരിച്ച് ശ്രീകുമാറിന്റെ ബന്ധുക്കള്‍ ഈ വീട്ടിലെത്തി ഫോണ്‍ കൈപ്പറ്റിയശേഷം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.