കോഴിക്കോട് : ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതിനോടകം ലഭിച്ചത് 2,200 പേരുടെ പട്ടിക. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സ്പെഷല്‍ പോളിങ് ഓഫിസര്‍, സ്പെഷല്‍ പോളിങ് അസിസ്റ്റന്റ് , ഒരു പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങിയ ടീം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പി.പി.ഇ കിറ്റ് ധരിച്ച് വീടുകളിലെത്തിയാണ് പ്രത്യേക ബാലറ്റ് വിതരണം നടത്തുന്നത്.
ഇവര്‍ക്ക് പ്രത്യേകം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതത് ഹെല്‍ത്ത് ഓഫിസര്‍ നല്കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരം സ്പെഷല്‍ ബാലറ്റ് പേപ്പര്‍ വിവിധ വരണാധികാരികള്‍ക്ക് അയച്ചു കൊടുക്കുകയും ആ പട്ടിക പ്രകാരം ബാലറ്റ് പേപ്പറുകള്‍ തയാറാക്കി സ്പെഷ്യല്‍ പോളിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ദുരന്ത നിവാരണ സെല്ലില്‍ നിന്ന് വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമുള്ള ബാലറ്റ് വിതരണവും പുരോഗമിക്കുകയാണ്. ഡിസംബര്‍ 13ന് വൈകിട്ട് മൂന്നു മണി വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുക.
കോഴിക്കോട് കോര്‍പറേഷനില്‍ 1065 കോവിഡ് രോഗികള്‍ക്കാണ് വോട്ടുള്ളത്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 557 പേര്‍ക്കും ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിച്ച് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. ചൊവ്വാഴ്ച 205 പേര്‍ക്ക് ബാലറ്റ് നല്കാന് തുടങ്ങും. ഗ്രാമപഞ്ചായത്തുകളില്‍ ചിലയിടങ്ങളില്‍ കോവിഡ് രോഗികള്‍ക്കുള്ള ബാലറ്റുമായി ഉദ്യോഗസ്ഥര്‍ വീടുകളിലെത്താന്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പോസിറ്റിവാകുന്നവര്ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.