ഏറ്റുമാനൂര്‍: വേര്‍പിരിയലിന്റെ വേദനയില്‍ ഒരുമിച്ചിരുന്ന് ഒരു ഫോട്ടോ എടുക്കാന്‍ മാനദണ്ഡങ്ങള്‍ തല്‍ക്കാലത്തേക്ക് ഒന്ന് മാറ്റിവെച്ചു. എന്നാല്‍, ഗ്രൂപ്പ് ഫോട്ടോയെടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ നഗരസഭയില്‍ ആയിരുന്നു സംഭവം.
തിങ്കളാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു ഗ്രൂപ്പ് ഫോട്ടോ എടുത്തത്. ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ആയിരുന്നു കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പ് ഫോട്ടോ ഷൂട്ട്. ഈ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത ഒരാള്‍ക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് മറ്റു നഗരസഭ അംഗങ്ങളും സെക്രട്ടറിയും ഉള്‍പ്പെടെ 15 പേര്‍ക്ക് ആരോഗ്യവകുപ്പ് ക്വാറന്റീന്‍ നിര്‍ദ്ദേശം നല്‍കി. ആകെ 35 അംഗങ്ങളാണ് നഗരസഭയില്‍ ഉള്ളത്. ഇതില്‍ ഒരാള്‍ യോഗത്തിന് എത്തിയിരുന്നില്ല. ഒരാള്‍ ഫോട്ടോഷൂട്ടിലും പങ്കെടുത്തിരുന്നില്ല. എന്നാല്‍, ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 15 പേര്‍ക്ക് മാത്രമാണ് ക്വാറന്റീന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം എല്ലാ അംഗങ്ങള്‍ക്കും നഗരസഭ അധ്യക്ഷന്‍ മൊമന്റോയും വിതരണം ചെയ്തു.
അടുത്ത ബന്ധു കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആയിരുന്നു നഗരസഭാംഗം ആന്റിജന്‍ പരിശോധന നടത്തിയത്. ഇതിലാണ് നഗരസഭാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ നഗരസഭ അംഗങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവച്ചിരുന്നു.