തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ വാക്‌സിന്‍, ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുകള്‍ നിര്‍ബന്ധം. പുതുക്കിയ കൊറോണ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഇന്ന് മുതല്‍ മുഴുവന്‍ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ബാങ്കുള്‍പ്പെടെയുളള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കാണ് തുറക്കാന്‍ അനുമതിയുള്ളത്. ഇതിന് പുറമേ തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കാനും അനുമതിയുണ്ട്. ഇവിടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് ആഴ്ച മുന്‍പ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫേക്കറ്റോ, 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ വേണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായിരിക്കും. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും, സിനിമാ തിയറ്ററുകള്‍ക്കും തുറക്കാന്‍ അനുമതിയില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ നല്‍കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകള്‍ക്ക് ഭക്ഷണം വിളമ്പാം. അതേസമയം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി പൂര്‍ണമായും അംഗീകാരിക്കാനാകില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.