തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ മതചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആര്‍ 20നു മുകളിലുള്ള സ്ഥലങ്ങളില്‍ മറ്റു പരിപാടികള്‍ പോലെ മതചടങ്ങുകളിലും 50 പേര്‍ക്കുമാത്രമായിരിക്കും അനുമതി. ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മൂന്നുദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍, പൊതുപരിപാടികള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിരുന്നു.
ടിപിആര്‍ 30ല്‍ കൂടുതലാണെങ്കില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ലെന്നും നിഷ്‌ക്കര്‍ഷയുണ്ട്. ഇത് മതചടങ്ങുകള്‍ക്കുകൂടി ബാധകമാകുമെന്ന് ഉത്തരവില്‍ പറയുന്നു. കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനായായിരിക്കും പ്രവര്‍ത്തിക്കുക. കോടതിമുറിയില്‍ പരിഗണിക്കേണ്ട പ്രത്യേക കേസുകള്‍ ജഡ്ജിമാര്‍ തീരുമാനിക്കും. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. നേരിട്ട് വാദംകേള്‍ക്കുന്ന കേസുകളില്‍ കോടതിമുറിയില്‍ പതിനഞ്ചുപേരില്‍ അധികം പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. നിയന്ത്രണങ്ങള്‍ 11ന് പുനഃപരിശോധിക്കും.