കോട്ടയം: കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ജയിച്ചതാണ് ആഹ്ലാദ പ്രകടനം നടത്താന്‍ കാരണം. കൊറോണ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയാണ് ആഹ്ലാദ പ്രകടനം നടത്തിയത്. ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും കര്‍ശന വിലക്കുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുന്നതിനിടയിലാണ് ഇരുനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചുകൂടിയത്.
മഹാമാരിയെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ആഘോഷത്തില്‍ അണിനിരന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് . ലൈബ്രറി ബ്ലോക്കിന് മുന്നില്‍ ആയിരുന്നു ഇവര്‍ ഒത്തു ചേര്‍ന്നത് . ബ്ലോക്കിന്റെ ഇരു നിലകളിലും നടുമുറ്റത്തും ആഘോഷം പൊടിപൊടിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത് . സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12 ഡോക്ടര്‍മാര്‍ക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ ശസ്ത്രക്രീയ ഉള്‍പ്പെടെയുള്ള ചികിത്സകളും മാറ്റി വച്ചിരിക്കുകയാണ്. ശസ്ത്രക്രീയാ വിഭാഗം, ശ്വാസകോശ രോഗവിഭാഗം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. വാര്‍ഡുകളില്‍ കിടത്തി ചികിത്സയില്‍ കഴിയുന്ന രോഗികളോടൊപ്പം ഒരാളെ മാത്രമെ സഹായിയായി നില്‍ക്കാന്‍ അനുവദിക്കൂ.