ന്യൂഡൽഹി: പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ രോഗാവസ്ഥയിലാക്കുകയും ചെയ്ത കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിൽ നിന്ന് രാജ്യം പതിയെ കരകയറുന്നു. രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്ക്.
മഹാരാഷ്ട്ര ഉൾപ്പടെ കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്തിന് വലിയ ആശ്വാസമാണ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന വർധന രണ്ട് ലക്ഷത്തിന് താഴെയായതും പ്രത്യാശയ്ക്ക് കാരണമായി.
അതേസമയം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടി കടന്നു. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് മൂന്ന് ലക്ഷത്തിൽ അധികം പേരാണ്. എന്നാൽ കൊവിഡ് കേസുകൾ കുറഞ്ഞിട്ടും പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് ബാധയാണ് ആശങ്കയാകുന്നത്. ഫംഗസ് ബാധിതരിൽ പകുതിയും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. ഏകദേശം ഒൻപതിനായിരത്തോളം പേർക്ക് രാജ്യത്ത് ഇതുവരെ ഫംഗസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം.