തിരുവനന്തപുരം : കൊവിഡ് വ്യാപനം ഭയാനകമായ അവസ്ഥയിലെത്തിയ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ആവശ്യം. രോഗവ്യാപനം ശക്തമായി തടയുന്നതിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്നും ഐ എം എ അറിയിച്ചു.
രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട് . നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോള്‍ തന്നെ ആശുപത്രികള്‍ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ ആവശ്യപ്പെടുന്നത്.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ എത്തിയേക്കാമെന്നാണ് സര്‍ക്കാറിന്റെ തന്നെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് തന്നെ അത് താങ്ങാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും ഐ എം എ പറയുന്നു.