കോട്ടയം : തെരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ കോവിഡ് വ്യാപനത്തോത് ഉയർന്നു. രണ്ടുമാസത്തിനിടയിൽ പത്തുശതമാനം എന്ന നിരക്കിലേക്ക് കോവിഡ് വ്യാപന നിരക്കെത്തി. ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തിൽ മുൻനിരയിലാണെന്ന് സൂചിപ്പിക്കുന്നത്. 100 കോവിഡ് പരിശോധനയിൽ പത്ത് രോഗികൾ എന്ന നിലയിലാണിപ്പോൾ കേരളം.
ഡിസംബർ 13 മുതൽ 26 വരെയുള്ള കണക്കെടുപ്പിൽ രാജ്യത്ത് ഇത്രയും ഉയർന്ന നിരക്കിൽ കോവിഡ് വ്യാപനം കേരളത്തിൽ മാത്രമേയുള്ളൂ. ദേശീയതലത്തിൽ 2.24 ശതമാനം എന്ന നിരക്കിലേക്ക് രോഗവ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തിൽനിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത്. തൊട്ടുപിന്നിൽ ഗോവയാണ്. 6.04 ശതമാനം. അസം-0.45, ബിഹാർ-0.47, ആന്ധ്രാപ്രദേശ്-0.69, യു.പി.-0.85, ജാർഖണ്ഡ്-1.02, ഒഡിഷ-1.05, ജമ്മുകശ്മീർ-1.1, കർണാടക-1.11, തെലങ്കാന-1.19, ഡൽഹി-1.39, തമിഴ്‌നാട്-1.57 എന്നിങ്ങനെയാണ് വ്യാപനനിരക്കിൽ പിന്നിലുള്ള സംസ്ഥാനങ്ങൾ.
എന്നാല്‍ ഡിസംബർ 27 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 2977 കോവിഡ് മരണങ്ങളാണുണ്ടായത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്ഥിതിയാണ്. മഹാരാഷ്ട്ര-49,255, തമിഴ്‌നാട്-12,069, കർണാടക-12,062, ഡൽഹി-10,453 എന്നിങ്ങനെയാണ് മരണത്തിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങളിലെ കണക്ക്