ഭോപ്പാല്‍ : കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.
ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവര്‍ക്കും കോവിഡ് 19 പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച വന്ന പരിശോധനാഫലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.
തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കോവിഡ് 19 പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. ശിവരാജ് സിങ് ചൗഹാനെ ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈറസ് ബാധിതനെങ്കിലും ചൗഹാന്‍ ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിക്കിടക്കയില്‍ തുടര്‍ന്നുകൊണ്ട് ചൗഹാന്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത് കാണുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു.