യു.കെ : പരിശോധനാഫലം അമ്പത് മിനിറ്റിനുള്ളില്‍ ലഭിക്കുന്ന പുതിയ കൊവിഡ് ടെസ്റ്റുമായി യു.കെയിലെ ഗവേഷകര്‍. സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിതമായ കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
നിലവിലെ പല കൊവിഡ് ടെസ്റ്റുകളും ലാബുകളിലേക്ക് അയക്കേണ്ടതുകൊണ്ട് ഫലം ലഭിക്കാന്‍ 24 മുതല്‍ 48 മണിക്കൂര്‍ എടുക്കാറുണ്ട്. ഈ കാലതാമസം മുന്നില്‍ കണ്ടാകണം യുകെയിലെ ഈസ്റ്റ് ആംഗ്ലിയ (യുഇഎ) യിലെ ഗവേഷകർ 50 മിനിറ്റിനുള്ളില്‍ ഒരാള്‍ക്ക് കൊറോണയുണ്ടോ എന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) സ്റ്റാഫുകളില്‍ രണ്ടാഴ്ചയ്ക്കിടയില്‍ ടെസ്റ്റിന്റെ പരീക്ഷണം നടത്തും.
ഒരു സമയം 16 സാമ്പിളുകൾ പ്രോസസ് ചെയ്യുന്നതിന് പുതിയ മോളിക്യുലർ ടെസ്റ്റ് ഉപയോഗിക്കാം. ലാബ് അടിസ്ഥാനമാക്കിയുള്ള ഡിറ്റന്‍ഷന്‍ മെഷീന്‍ ഉപയോഗിക്കുകയാണെങ്കിൽ 384 സാമ്പിളുകൾ വരെ പരിശോധിക്കാം. മെഡിക്കല്‍ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തതെന്നും ജോലിസ്ഥലത്തുള്ളവര്‍ക്ക് വൈറസ് പകരുന്നില്ലെന്ന് ഇത് ഉറപ്പാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് തന്നെ കിറ്റിന്റെ ജോലികള്‍ ആരംഭിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് ദേശീയ തലത്തിൽ ആശുപത്രികളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷക സംഘത്തിന്റെ തലവനായ ജസ്റ്റിന്‍ ഒ ഗ്രേഡി പറഞ്ഞു. ഈ ടെസ്റ്റ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നും ഗ്രേഡി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ഫലം രണ്ട് മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന ടെസ്റ്റ് യു.എസിലെ ഒരു സംഘം ഗവേഷകര്‍ ഈയിടെ വികസിപ്പിച്ചിരുന്നു. ജോർജിയയിലെ അഗസ്റ്റ സർവകലാശാലയിൽ ഇന്ത്യൻ വംശജനായ ഗവേഷകൻ ഡോ. രവീന്ദ്ര കോൽഹെയുടെ നേതൃത്വത്തിലാണ് പരിശോധന വികസിപ്പിച്ചത്.