ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുതിയ 20,346 കോവിഡ് 19 കേസുകള്‍ കേസുകള്‍. 19,587 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 222 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,03,95,278 ആയി ഉയര്‍ന്നു. നിലവില്‍ 2,28,083 പേരാണ് ചികിത്സയിലുളളത്. 1,00,16,859 പേര്‍ രോഗമുക്തി നേടി. 1,50,336 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞപ്പോള്‍ തുടക്കത്തില്‍ വളരെ കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 25 ശതമാനവും കേരളത്തില്‍ നിന്നുളളതാണ്.എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലാണ് വ്യാപനം കൂടുതല്‍.
ഡല്‍ഹി, ചെന്നൈ, കര്‍ണാടക തുടങ്ങി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഇടങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ഒരാഴ്ചയായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസം അഞ്ഞൂറില്‍ താഴെ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയ്യായിരത്തില്‍ താഴെയാണ് ആകെ പോസിറ്റീവ് കേസുകള്‍. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ഘട്ടത്തില്‍ ദിവസം ആറായിരം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന പുണെയില്‍ കേസുകളുടെ എണ്ണം പ്രതിദിനം 600-ല്‍ താഴെ എന്ന നിലയിലേക്ക് ചുരുങ്ങി.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വന്‍തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കര്‍ണാടകയിലും കേസുകള്‍ ഗണ്യമായി കുറയുന്ന കാഴ്ചയാണ്. ആയിരത്തില്‍ താഴെ കേസുകളാണ് കര്‍ണാടകയില്‍ ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയിലെ കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ബെംഗളുരുവില്‍ നിന്നായിരുന്നു. ബെംഗളുരുവിലെ പുതിയ കോവിഡ് കേസുകള്‍ 300-400 ഇടയിലേക്ക് ചുരുങ്ങി. മുംബൈയിലും 400-500 ഇടയിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈയില്‍ 300 ല്‍ താഴെ മാത്രവും.