ആലുവ : ഭര്‍ത്താവ് രണ്ടാം ഡോസ് എടുത്തപ്പോള്‍ ഭാര്യയ്ക്കും സര്‍ട്ടിഫിക്കറ്റ് ! സംഭവം നടന്നത് കളമശ്ശേരിയില്‍. തോട്ടക്കാട്ടുകര ശാന്തി ലെയിനില്‍ അന്തപ്പിള്ളി സുധാകരന്റെ ഭാര്യ സരസ്വതിക്കാണ് കോവിഡ് രണ്ട് ഡോസ് സ്വീകരിച്ചതായി ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് വന്നത്.
സുധാകരന് മാര്‍ച്ച് 24ന് ഒന്നാം ഡോസ് എടുത്തിരുന്നു പിന്നീട് ഈ മാസം 10ന് രണ്ടാം ഡോസ് എടുക്കാന്‍ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ ചെന്നപ്പോള്‍ ഒന്നാം ഡോസ് എടുത്തതായി കമ്പ്യൂട്ടറിൽ കാണുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. ഒന്നാം ഡോസ് എടുത്തതിന്റെ രേഖ കാണിച്ചിട്ടും രണ്ടാം ഡോസ് നല്കാന് പറ്റില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. വിവരമറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ ലിസ ജോണ്സന് ഇടപെട്ടതിനെത്തുടര്‍ന്ന് സ്പോട്ട് രജിസ്ട്രേഷന് നടത്തിയാണ് രണ്ടാം ഡോസ് ലഭ്യമാക്കിയത്.
ഏപ്രില്‍ എട്ടിന് സുധാകരന്റെ ഭാര്യ സരസ്വതി ഇതേ സ്ഥലത്തുനിന്ന് ഒന്നാം ഡോസ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടാം ഡോസിനായി ഓൺലൈനിൽ രജിസ്ട്രേഷനായി നോക്കിയപ്പോഴാണ് രണ്ട് ഡോസും സ്വീകരിച്ചതായി ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിനാല്‍ രണ്ടാം ഡോസിനായുള്ള രജിസ്ട്രേഷനും സാധ്യമാകുന്നില്ല. ഇനി രണ്ടാം ഡോസ് എടുക്കാന്‍ പറ്റുമോ എന്ന ആശങ്കയിലാണ് സരസ്വതി .
എന്നാല്‍ ഒരേ മൊബൈല്‍ നമ്പർ ഉപയാഗിച്ച് രജിസ്ട്രേഷന് നടത്തിയ പലര്‍ക്കും ഇത്തരത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ഡ് കൗണ്‍സിലറെയും ആശാവര്‍ക്കറെയും പരാതി അറിയിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ് സരസ്വതി. കഴിഞ്ഞ ദിവസം എടയാര്‍ സ്വദേശിക്കും രണ്ടാം ഡോസ് എടുക്കാതെ തന്നെ ഇത്തരത്തില്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.