ന്യൂഡല്‍ഹി : രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍ കോവാക്സിൻ സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി ഭാരത് ബയോടെക്. നേരത്തെ രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും വാക്സിൻ സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിപ്പിച്ചിരുന്നു. രക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വാക്സിൻ ഒഴിവാക്കണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിൻ സ്വീകരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് വാക്സിനേഷൻ പ്രകൃിയ തുടങ്ങിയതിനു ശേഷമാണ് ഭാരത് ബയോടെക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ‘ബ്ലഡ് തിന്നേഴ്സ് ’ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ വാക്സിൻ ഒഴിവാക്കണമെന്നും ഭാരത് ബയോടെക് അറിയിച്ചു. ഏതെങ്കിലും തരത്തില്‍ അലര്‍ജി ഉള്ളവരും വാക്സിൻ സ്വീകരിക്കരുതെന്നും വാക്സിൻ സ്വീകരിച്ചവരില്‍ അലര്‍ജി രൂപപ്പെട്ടിട്ടുള്ളതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ച പലരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഭാരത് ബയോടെകിന്റെ വിശദീകരണം. രാജ്യത്ത് വാക്സിൻ സ്വീകരിച്ച 447 പേരിലാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവരില്‍ രണ്ട് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവാക്സിന്റെ 55 ലക്ഷം ഡോസുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് ബയോടെകില്‍ നിന്നും വാങ്ങിയിട്ടുള്ളത്.