ന്യൂഡല്‍ഹി: പ്രതിസന്ധിയില്‍നിന്ന് കമ്പിനികള്‍ക്ക് ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച നിരവധി സംസ്ഥാനങ്ങളില്‍നിന്നു വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് വാക്‌സിനുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വാക്സിന്‍ വിലനിര്‍ണയം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തത്. രണ്ട് കമ്പിനികളും വാക്സിനുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവാക്സിന്‍ ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 1,200 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവിഷീല്‍ഡിന് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയും പ്രഖ്യാപിച്ചു. രണ്ട് വാക്സിനുകളും ഒരു ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്ര സര്‍ക്കാരിന് ലഭ്യമാക്കുന്നത്.
മേയ് ഒന്ന് മുതലാണ് പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നത്. ഈ പ്രായപരിധിയില്‍ വരുന്ന എല്ലാവര്‍ക്കും സ്വകാര്യ ആശുപത്രികളിലായിരിക്കും കുത്തിവെയ്പ്. പുതിയ വാക്സിന്‍ നയപ്രകാരം കമ്പിനികള്‍ വാക്സിന്റെ അന്‍പത് ശതമാനം കേന്ദ്ര സര്‍ക്കാരുകള്‍ക്കും അന്‍പത് ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ക്കും നല്‍കും. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഓപ്പണ്‍ മാര്‍ക്കറ്റിനും ലഭ്യമാകുന്ന 50 ശതമാനം വിതരണത്തിന്റെ വില മുന്‍കൂട്ടി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വില വ്യത്യാസത്തെ എതിര്‍ത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഒരു ഡോസിന് 150 രൂപയായി വില കുറയ്ക്കണമെന്ന് അദ്ദേഹം നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. പുതിയ വാക്സിന്‍ നയം വിവേചനപരവും വിവേകശൂന്യവുമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭം കൊയ്യാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.