അമേരിക്ക : കോവിഡ് 19 നെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതിന് പിന്നാലെ യുഎസ്സില്‍ ഡോക്ടര്‍ക്ക് ഗുരുതരമായ അലര്‍ജി. ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ക്കാണ് അലര്‍ജി പ്രശ്നം നേരിട്ടത്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൊഡേണ വാക്സിനാണ് ഡോക്ടര്‍ സ്വീകരിച്ചത്. ആശുപത്രിയിലെ ജനറിക് ഓങ്കോളജി വിഭാഗത്തിലെ ഡോ. ഹുസൈന്‍ സദ്ര്‍സാദേഹ് എന്ന ഡോക്ടറാണ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിച്ച ഉടനെ തന്നെ അലര്‍ജിയുണ്ടായതായി ഡോക്ടര്‍ പറയുന്നു. തലകറക്കവും ഹൃദയമിടിപ്പ് കൂടിയതായും ഡോക്ടര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊഡേണ വാക്സിന്‍ സ്വീകരിച്ച ശേഷം ആദ്യമായാണ് ഇത്ര ഗുരുതരമായ അലര്‍ജി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അലര്‍ജി ഉണ്ടായ ഉടനെ തന്നെ ഡോക്ടറെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റിയതായി ആശുപത്രി അറിയിച്ചു.
മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന് കഴിഞ്ഞ ആഴ്ച്ചയാണ് അമേരിക്ക അടിയന്തര അനുമതി നല്‍കിയത്. ഫൈസറിനും ബയോ എന്‍ടെക്കിനും പിന്നാലെയാണ് അമേരിക്ക മെഡേണ വാക്‌സിന് അനുമതി നല്‍കിയത്.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്‍റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയായിട്ടാണ് നല്‍കുന്നത്.