ജനീവ : വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ ഫലം ചെയ്യുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. ഒരു കൊവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നത് വഴി ഏറ്റവും ഫലപ്രദമായ വാക്സിനിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കോവിഡ് പ്രതിരോധത്തിനായി 200ലധികം വാക്സിനുകളാണ് പരീക്ഷണം നടന്നുവരുന്നത്. വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാല്‍, ചിലത് വിജയിച്ചതായും ചിലത് പരാജയപ്പെട്ടതായും കാണാന്‍ സാധിക്കും. കോവിഡിന്റെ വാക്സിനുകളുടെ കാര്യത്തിലും സമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒരു മഹാമാരിക്ക് മുമ്പ് ലോകരാജ്യങ്ങള്‍ സുസജ്ജമാകണം എന്നും ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കുന്നു. ‘രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. കോവിഡ് അവസാനത്തെ പകര്‍ച്ചവ്യാധിയല്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും ജീവിതത്തിെന്റ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ നാം അത് നേരിടാന്‍ സജ്ജമായിരിക്കണം. -ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.