വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് വ്യാപനത്തെ തടയാന്‍ വാക്‌സിന്‍ കൊണ്ട് മാത്രം സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനത്തെ തടയാനായി അങ്ങനെയൊരു ഒറ്റമൂലി ഇല്ല. ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. നിലവില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കൈക്കൊളളുകയാണ് വേണ്ടത്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുക, നിരീക്ഷണത്തിലാക്കുക, പോസിറ്റീവ് ആകുന്നവരുമായി സമ്പര്‍ക്കമുളളവരെ ക്വാറന്റീന്‍ ചെയ്യുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നിവയാണ് രോഗവ്യാപനം തടയാനായി എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം ജനീവയില്‍ പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാനുളള നിരവധി വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. അണുബാധയെ തടയാന്‍ കഴിയുന്ന അത്തരം വാക്‌സിനുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ തന്നെ ഈ നിമിഷം വരെ കൊവിഡിനെ ഫലപ്രദമായി തടയുന്ന അങ്ങനെയൊരു ഒറ്റമൂലിയില്ല. ഇനി അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല. കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതലുകളും പ്രതിരോധ നടപടിയുമാണ് നമ്മള്‍ കൈക്കൊളേളണ്ടത്. കൊവിഡിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ആറുമാസം കഴിയുന്ന സാഹചര്യത്തിലാണ് ടെഡ്രോസ് അദാനം ഗെബ്രിയേസസിന്റെ വാക്കുകള്‍.
കൊവിഡ് പോസിറ്റീവായ, രോഗമുണ്ടെന്ന് സംശയിക്കുന്ന അമ്മമാര്‍ മുലയൂട്ടല്‍ തുടരുകയാണ് വേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് രോഗബാധയുണ്ടായാലുളള അപകടങ്ങളെ മുലപ്പാല്‍ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് എങ്ങനെ മനുഷ്യരിലേക്ക് എത്തിയെന്ന് അറിയാനായി ചൈനയില്‍ ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും ടെഡ്രോസ് അദാനം ഗെബ്രിയേസസ് വ്യക്തമാക്കി. ലോകത്ത് ഇതുവരെ 6.90 ലക്ഷം പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. വിവിധ രാജ്യങ്ങളിലായി 1.8 കോടി ജനങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.