മുംബൈ : കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മുംബൈയില്‍ ആദ്യ മരണം. ഗഡ്കോപാര്‍ സ്വദേശിനിയായ 63 കാരിയാണ് ജൂലൈയില്‍ മരിച്ചത്. ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് രണ്ടാമത്തെയാളാണ് മഹാരാഷ്ട്രയില്‍ മരണത്തിന് കീഴടങ്ങിയത്. രത്നഗിരിയില്‍ നിന്നുള്ള 80 വയസുകാരിയാണ് സംസ്ഥാനത്ത് ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചത്. ജൂലൈ 13നായിരുന്നു അത്.
ആഗസ്റ്റ് 11നാണ് മുംബൈ സ്വദേശിനിയുടെ മരണം ഡെല്‍റ്റ പ്ലസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബൃഹാന്‍ മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതരെ ആരോഗ്യ വകുപ്പാണ് ജീനോം സീക്വന്‍സിങ് വഴി നഗരത്തിലെ ഏഴുപേര്‍ക്ക് വകഭേദം പിടിപെട്ടതായി അറിയിച്ചത്. അവരില്‍ ഒരാളാണ് മരിച്ച സ്ത്രീ.
മരിച്ച സ്ത്രീയുമായി അടുത്ത് ഇടപഴകിയ രണ്ടുപേര്‍ക്കും ഡെല്‍റ്റ പ്ലസ് ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിന് ജനിത വ്യതിയാനം സംഭവിച്ചാണ് ഡെല്‍റ്റ പ്ലസ് വകഭേദം രൂപപ്പെട്ടത്. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 20 ഡെല്‍റ്റ പ്ലസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴെണ്ണം മുംബൈ, ആറെണ്ണം വീതം പൂനെ, താനെ എന്നിവിടങ്ങളില്‍ നിന്നാണ്. 65 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ ഡെല്‍റ്റ പ്ലസ് ബാധിച്ചത്.