ദില്ലി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കേന്ദ്ര സർക്കാരിന്റെ വീഴ്ച മൂലമെന്ന് രാഹുൽ ഗാന്ധി. കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. വാക്സിനേഷൻ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ വീണ്ടും പലായനത്തിന് നിർബന്ധിതരാകുകയാണെന്നും രാഹുൽ വിമർശിച്ചു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കടുത്ത പ്രതിസന്ധിയിലേക്ക് എത്തി നിൽക്കുകയാണ്. പ്രതിദിന രോഗികൾ ഒന്നരലക്ഷത്തിലേക്ക് അടുത്തു. മരണ നിരക്കും ഉയരുകയാണ്. രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൌൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എൺപത് ശതമാനത്തിലധികം കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്കാജനകമാണെനാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രോഗബാധ ഉയരുന്ന സാഹചര്യത്തിലും വാക്സീൻ ക്ഷാമം നേരിടുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്. നിലവിലെ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ അറിയിച്ചു.